
ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍: ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിലെ ഹൈന്ദവസമൂഹത്തിന്റെ നവോത്ഥാനത്തിനായി പ്രവര്‍ത്തിച്ച മഹാന്മാരില് അവിസ്മരണീയനാണ് ശ്രീമത് പരമേശ്വരാനന്ദസ്വാമികള്‍ (1920-2009). കൗമാരത്തില്‍ത്തന്നെ നടത്തിയ ഭാരതപര്യടനത്തിനിടയില്‍ പ്രസിദ്ധരായ ദേശീയനേതാക്കന്മാരുമായും, ആദ്ധ്യാത്മികാചാര്യന്മാരുമായും സമ്പര്‍ക്കം പുലര്‍ത്തുവാന്‍ കഴിഞ്ഞതിന്റെ ഫലമായി ആദ്ധ്യാത്മികമായ നല്ലൊരു വീക്ഷണം സ്വായത്തമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനിടയ്ക്ക് ഡല്‍ഹിയില്‍വെച്ച് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയും കുറച്ചുനാള്‍ വാര്‍ത്താവിതരണ വകുപ്പിലെ ഒരുദ്യോഗം സ്വീകരിക്കുകയും, ഡല്‍ഹിയിലും പിന്നെ മദ്രാസിലും സേവനം അനുഷ്ഠിക്കുകയും ചെയ്തു. തന്റെ നിയോഗം അതല്ലെന്ന് തോന്നിയപ്പോള്‍ ജോലി രാജിവെച്ചിട്ട് അഖില ഭാരത ആര്യ ധര്‍മ സേവാസംഘത്തിലെ മിഷണറിയായി കേരളത്തിലെത്തി. പിന്നീടുള്ള ജീവിതം കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മികരംഗങ്ങളുടെ ഭാഗമായിത്തീര്‍ന്നു. 1962-ല്‍ കന്യാകുമാരിയില്‍, വിവേകാനന്ദശിലാസ്മാരകം നിര്‍മ്മിക്കുന്നതിനുള്ള യജ്ഞത്തില്‍ മുഖ്യപങ്കാളിത്തം വഹിച്ചു. 1980-ല്‍ അറുപതാം വയസ്സില്‍ പ്രസിദ്ധ ആദ്ധ്യാത്മികാചാര്യനായിരുന്ന ശ്രീമദ് ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍ നിന്നും പരമേശ്വരാനന്ദ സരസ്വതി എന്ന പേരില്‍ സന്ന്യാസം സ്വീകരിക്കുന്നതുവരെ കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഭരണസമിതിയില്‍ പ്രവര്‍ത്തിച്ചു. സന്ന്യാസിയായ ശേഷം ഭൗതികമായ ചുമതലകളെല്ലാം വിട്ടു കന്യാകുമാരിയില്‍ ശ്രീകൃഷ്ണമന്ദിര്‍ ആശ്രമം സ്ഥാപിച്ച് 18 വര്‍ഷം ഗുരുനാഥനോടൊപ്പം ജ്ഞാനയജ്ഞത്തിലേര്‍പ്പെട്ടു. ഗുരുവിന്റെ സമാധിക്കുശേഷം തൃശൂര്‍ ജില്ലയില്‍ കനകമലയുടെ അടിവാരത്ത് ശ്രീകൃഷ്ണാശ്രമം സ്ഥാപിച്ചു. പിന്നീട്, ഷൊര്‍ണ്ണൂരിനടുത്ത് ഇരുനിലംകോട് ഗുഹാക്ഷേത്രത്തിനടുത്തായി ജ്ഞാനാനന്ദകുടീരം സ്ഥാപിച്ചു. ഹൈന്ദവസമൂഹത്തിന്റെ സാമൂഹിക, ആധ്യാത്മിക സമുത്കര്‍ഷത്തിനുവേണ്ടി സ്വജീവിതം സമര്‍പ്പിച്ച തപോധനനും, കര്‍മ്മയോഗിയുമായിരുന്ന സ്വാമിജിയുടെ സ്മരണ എക്കാലവും നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
കൃതികള്‍: സാധാരണക്കാര്‍ക്ക് ദുര്‍ഗ്രാഹ്യങ്ങളായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളേയും, ധര്‍മ്മസംഹിതകളേയും ക്രോഡീകരിച്ച് സാധാരണ ജനങ്ങള്‍ക്ക് സുഗ്രാഹ്യമായ രീതിയില്‍ സ്വാമിജി രചിച്ചിട്ടുള്ള ഹിന്ദു ധര്‍മ്മ പരിചയം, ഷോഡശ സംസ്കാരങ്ങള്‍ എന്നീ ഗ്രന്ഥങ്ങള്‍ മാത്രം മതി സ്വാമിജിയുടെ സ്മരണ എക്കാലവും നിലനില്ക്കാന്. ഇവയെക്കൂടാതെ കന്യാകുമാരി മുതല്‍ കപിലവസ്തുവരെ, ജീവിതജ്യോതി, ധര്‍മ്മരശ്മികള്‍, കൃഷ്ണം ശരണം ഗച്ഛാമി, പുണ്യ ചരിതാവലി, കന്യാകുമാരിയും ചുറ്റുക്ഷേത്രങ്ങളും, ജയജഗജ്ജനനി, ആര്‍ഷരശ്മികള്‍, വിജ്ഞാനപ്രഭ, സന്ന്യാസം സന്ന്യാസി സമുദായം, വന്ദേമാതരം, മഹാത്മാഗാന്ധി-മാര്‍ഗ്ഗവും ലക്ഷ്യവും, ഹിന്ദുക്കളെ ഉണരുവിന്‍ എഴുന്നേല്ക്കുവിന്, ദിവ്യവാണികള്‍, ശ്രീഗാന്ധിസൂക്തങ്ങള്‍, ഭാരത ഭാഗ്യവിധാതാ ഭഗവാന് ശ്രീകൃഷ്ണന്, അഷ്ടഗ്രഹയോഗവും യജ്ഞങ്ങളും, ഗോസംരക്ഷണം, ഹിന്ദുസമുദായ സംരക്ഷണം, പ്രാര്‍ത്ഥന, ശ്രീരമണ മഹര്‍ഷി, നമ്മുടെ ക്ഷേത്രങ്ങള്‍, ധര്‍മ്മജ്ഞനായ ശ്രീനാരായണഗുരു, ആചാര്യ പ്രണവാനന്ദജി, ശ്രീമഹാ ശിവരാത്രി – തത്വവും, മാഹാത്മ്യവും, നവരാത്രി മാഹാത്മ്യം, യജ്ഞപ്രസാദം, ഗീതാമൃതം, സത്സംഗവും ജീവിതവും, സനാതനധര്‍മ്മ സംബന്ധമായ ലേഖനങ്ങള്‍, ശ്രീവേദവ്യാസചരിതം മുതലായി മുപ്പത്തി അഞ്ചിലധികം ഗ്രന്ഥങ്ങള്‍ സ്വാമിജിയുടേതായിട്ടു്. വായനക്കാരനെ സാംസ്കാരികമായും, ആധ്യാത്മികമായും ആശയപരമായും ഉദ്ബോധിപ്പിക്കുവാനും, പരിവര്ത്തിപ്പിക്കുവാനും, പര്യാപ്തങ്ങളാണ് സ്വാമിജിയുടെ ഗ്രന്ഥങ്ങളുടെയെല്ലാം ഉള്ളടക്കവും ശൈലിയും.
ശ്രീമത് പരമേശ്വരാനന്ദസ്വാമികളുടെ ജീവചരിത്രം: “ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം” എന്ന ലഘുജീവചരിത്രത്തിന്റെ ഇ-ബുക്ക് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ സദയം അനുമതി നല്കിയ ശ്രീ രാജീവ് ഇരിഞ്ഞാലക്കുടയോടും, അതിനായി പ്രയത്നിച്ച ശ്രീ രഘുനാഥനോടുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. സ്വാമിജിയുടെ വിസ്തൃതമായ ഒരു ജീവചരിത്രം അധികം താമസിയാതെ തന്നെ രചിക്കുവാന്‍ ശ്രീ രാജീവിനു കഴിയട്ടെ, അതിനുവേണ്ട സമയവും, സൗകര്യം നല്കി ജഗദീശ്വരന് അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജീവചരിത്രകാരനെക്കുറിച്ചുള്ള ഒരു ചെറുകുറിപ്പ് താഴെ ചേര്‍ക്കുന്നു.
രാജീവ് ഇരിഞ്ഞാലക്കുട: തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്ത് കിഴുത്താണിയില്‍ ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍നിന്നും റാങ്കോടുകൂടി ബിരുദം നേടിയശേഷം അതേ കോളേജില്‍നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും, തുടര്‍ന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിന്റെ കീഴില്‍ അരുണാചല്‍പ്രദേശിലുള്ള വിവേകാനന്ദ കേന്ദ്ര വിദ്യാലയത്തില്‍ സേവനം അനുഷ്ഠിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരി ശ്രീവ്യാസ എന്‍. എസ്സ്. എസ്സ്. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. കാലടി സര്‍വ്വകലാശാലയില്‍ വിവേകാനന്ദ സാഹിത്യത്തില്‍ ഗവേഷണം ചെയ്തു. “ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യത്തിന്റെ സ്വാധീനം മലയാളസാഹിത്യത്തില്‍” എന്ന വിഷയത്തില്‍ ഗവേഷണം നടത്തുവാനായി കേരള സാഹിത്യ അക്കാദമിയുടെ സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ആശ്രമങ്ങളെക്കുറിച്ച് പഠനം നടത്തി പുസ്തകം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡൗണ്‍ലോഡ് “ഒരു കര്‍മ്മയോഗിയുടെ സന്ന്യാസപര്‍വ്വം” ഇ-ബുക്ക്
Tags: rajeev irinjalakkuda, swami parameswarananda; sadhuseelan parameswaran pillai; jnanananda saraswati; hinduism; malayalam ebooks, ആദ്ധ്യാത്മികം, പരമേശ്വരാനന്ദസ്വാമികള്‍, മലയാളം ഇ-ബുക്ക്, രാജീവ് ഇരിഞ്ഞാലക്കുട, ഹിന്ദുമതം