Feed on
Posts
Comments

ചട്ടമ്പിസ്വാമികള്‍ വിരചിച്ച ആദ്യ കൃതിയാണ് ക്രിസ്തുമതനിരൂപണം അഥവാ ക്രിസ്തുമതഛേദനം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ ക്രിസ്തീയ പാതിരിമാര്‍ ദരിദ്രരും നിരക്ഷരരുമായ ഹിന്ദുക്കളെ തൊപ്പിയും കുപ്പായവും മറ്റും നല്കി പ്രലോഭിപ്പിച്ചും ഹിന്ദുമതത്തിലെ വിശുദ്ധഗ്രന്ഥങ്ങളായ വേദപുരാണങ്ങളെയും മറ്റും ഹീനമായും അന്യായമായും അപഹസിച്ചു പറഞ്ഞും, ഹിന്ദുമതത്തെ നിന്ദിക്കുന്ന അനവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയും അനേകം ഹിന്ദുക്കളെ മതം മാറ്റിക്കൊണ്ടിരുന്നു.

ഇതിനെക്കുറിച്ച് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദര്‍ പറയുന്നതിങ്ങനെയാണ്: “”ബ്രിട്ടീഷുകാരുടെ ഭരണം വന്നപ്പോഴും പാതിരിപ്രസ്ഥാനം പൂര്‍വ്വാധികം ശക്തിപ്പെടുക തന്നെ ചെയ്തു. ക്ഷേത്രാരാധനയ്ക്കു പോകുന്ന ഭക്തന്മാരായ ഹിന്ദുക്കളെ തടഞ്ഞുനിര്‍ത്തി പിശാചിനെ തൊഴാന്‍ പോകരുതെന്നും സത്യദൈവമായ ക്രിസ്തുവില്‍ വിശ്വസിച്ച് തങ്ങളെടെ മതത്തില്‍ ചേരണമെന്നും പാതിരിമാര്‍ ധൈര്യമായി പ്രസ്താവിക്കുമായിരുന്നു.”

“അന്നൊരിക്കല്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേയ്ക്കു സ്വാമികള്‍ പോകുമ്പോള്‍ വഴിയില്‍വച്ച് ഒരു പാതിരി അദ്ദേഹത്തെത്തടഞ്ഞു നിര്‍ത്തി, “കര്‍ത്താവായ യേശുകൃസ്തുവില്‍ വിശ്വസിക്കുക! എങ്കിലേ രക്ഷയുള്ളൂ. ക്ഷേത്രത്തില്‍ പോകരുത്. അത് നരകക്കുഴിയാണ്” എന്നെല്ലാം അവിടുത്തോട് ഉപദേശിച്ചു. മതോന്മാദം പിടിച്ച പാതിരിയുടെ “ഹാലിളക്കം” കണ്ടു സര്‍വ്വമതരഹസ്യവേദിയായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ഒന്നു പുഞ്ചിരി തൂകിയതേയുള്ളൂ. ഈ സംഭവം കൂടിയാണ് അവിടത്തേയ്ക്കു ആ ഗ്രന്ഥരചനയ്ക്കു പ്രചോദനം നല്കിയത്.”

മതപരിവര്‍ത്തകരായ പാതിരിമാര്‍ക്കുള്ള ഒരു മറുപടിയെന്ന നിലയിലും, ക്രിസ്തുമതത്തിന്റെ യഥാര്‍ഥ സ്വരൂപം ഹിന്ദുക്കള്‍ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ള ഉദ്ദേശ്യത്തോടെയുമാണ് ചട്ടമ്പി സ്വാമികള്‍ തന്റെ മുപ്പത്തിയേഴാം വയസ്സില്‍ (1889 ല്‍) ഷണ്‍മുഖദാസന്‍ എന്ന പേരില്‍ “ക്രിസ്തുമതച്ഛേദനം” എഴുതി പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ തന്റെ ചില വാഗ്മികളായ ശിഷ്യന്മാരെ ഇതിലെ ആശയങ്ങള്‍ കേരളമൊട്ടുക്കു പ്രചരിപ്പിക്കാന്‍ വേണ്ട പരിശീലനം നല്കുകയും ചെയ്തു. അതോടെ മതം മാറ്റം തെല്ലൊന്നു സ്തംഭിച്ചു.

ഹിന്ദുമതത്തിന്റെ ദാര്‍ശനിക കാഴ്ചപ്പാടിലൂടെ ക്രിസ്തുമതത്തിലെ അടിസ്ഥാനഗ്രന്ഥമായ ബൈബിളിനെ യുക്തിയുക്തമായും അതിനിശിതമായും വിമര്‍ശിക്കുകയും ഖണ്ഡിക്കുകയുമാണ് ചട്ടമ്പി സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ ചെയ്തിരിക്കുന്നത്. ഈ ഗ്രന്ഥം മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുമതത്തിലെ അടിസ്ഥാനവിശ്വാസങ്ങളുടെ പൊള്ളത്തരം സുവ്യക്തമാകുമെന്ന് നിസ്സംശയം പറയാം. അതുകൊണ്ടുതന്നെ ഏതൊരു ഹിന്ദുവും അവശ്യം വായിച്ചിരിക്കേണ്ട ഒരു അമൂല്യഗ്രന്ഥമാണിത്.

ഗ്രന്ഥരചനയുടെ ഉദ്ദേശ്യത്തിനെക്കുറിച്ചുള്ള വിവാദം

“ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും, ഛേദനം എന്ന രണ്ടാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല”എന്ന് ചിലര്‍ വാദിക്കുന്നുണ്ട്.

ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതഛേദനം എന്ന തന്റെ ഗ്രന്ഥത്തില്‍ “ക്രിസ്തുമതസാരം” എന്തിനാണ് എഴുതിച്ചേര്‍ത്തത് എന്നു ഒന്നു ചിന്തിച്ചുനോക്കാം. ക്രിസ്തുമതത്തിലെ സാങ്കേതികസംജ്ഞകളും, അടിസ്ഥാനവിശ്വാസങ്ങളുമറിയാത്ത ഒരാള്‍ക്ക് “ക്രിസ്തുമതഛേദനം” പൂര്‍ണമായും മനസ്സിലാക്കുവാനാവുകയില്ല. അതുകൊണ്ട് അത്തരക്കാര്‍ക്ക് വേണ്ടിയാണ് ചട്ടമ്പിസ്വാമികള്‍ “ക്രിസ്തുമതസാരം” എന്ന അദ്ധ്യായം ആദ്യം തന്നെ എഴുതിച്ചേര്‍ത്തതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മാത്രവുമല്ല, ഏതൊരു മതത്തെയോ, സിദ്ധാന്തത്തെയോ ഖണ്ഡിക്കുന്നതിനു മുമ്പായി അതെന്താണ് എന്ന് സംക്ഷേപിച്ച് പറയുന്ന പതിവുമുണ്ട്.

അപ്രകാരമല്ലാതെ, ക്രിസ്തുമതസിദ്ധാന്തങ്ങളെ അല്പം പോലും ചട്ടമ്പിസ്വാമികള്‍ അംഗീകരിച്ചിട്ടില്ലായിരുന്നുവെന്ന് “ക്രിസ്തുമതഛേദനം” ശ്രദ്ധിച്ചുവായിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. ക്രിസ്തുമതത്തിലെ ഏറ്റവും അടിസ്ഥാനവിശ്വാസമായ “ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പ്” ശുദ്ധ അബദ്ധമാണെന്ന് യുക്തിയുക്തം സ്ഥാപിച്ചശേഷം ആ വിഷയത്തെക്കുറിച്ചുമാത്രം താന്‍ ഒരു പ്രത്യേകഗ്രന്ഥമെഴുതുന്നുണ്ടെന്നും, അത് ഏകദേശം പൂര്‍ണമായിട്ടുണ്ടെന്നും ചട്ടമ്പിസ്വാമികള്‍ ആ സന്ദര്‍ഭത്തില്‍ പ്രസ്താവിക്കുന്നുമുണ്ട്. ദൗര്‍ഭഗ്യവശാല്‍ ഈ ഗ്രന്ഥം ഇതുവരെ പ്രസിദ്ധീകരിക്കപ്പെടുകയോ, കണ്ടുകിട്ടുകയോ ചെയ്തിട്ടില്ല.

അതിനും പുറമേ ക്രിസ്തുമതനിരൂപണത്തിന് ചട്ടമ്പിസ്വാമികള്‍ എഴുതിയ മുഖവുരയിലും (ഇത് താഴെ ചേര്‍ത്തിട്ടുണ്ട്), ഗ്രന്ഥത്തിനെ ഉപസംഹരിക്കുന്ന സന്ദര്‍ഭത്തിലും ഗ്രന്ഥരചനയുടെ ഉദ്ദേശം അസന്ദിഗ്ധമായി പറയുന്നുണ്ട് – “അല്ലയോ ഹിന്ദുക്കളേ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്ത ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനം വരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചു നോക്കുകയും ചെയ്‍വിന്‍. അവര്‍ നിങ്ങളെ അവരുടെ ക്രിസ്തുമതത്തില്‍ ചേര്‍ക്കുന്നതിലേയ്ക്ക് ഉത്സാഹിച്ചു വന്നു വാദിക്കുമ്പോള്‍ ആ വാദങ്ങളെ ഒക്കെയും നല്ല പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ചുവിട്ടുംകളഞ്ഞ് പരിപൂര്‍ണ്ണദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ചു സല്‍ഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിന്‍.”

പാതിരിമാര്‍ അന്യായമായി ഹിന്ദുമതത്തേയും ദൈവത്തെയും വിമര്‍ശിച്ചത് ഗ്രന്ഥരചനയ്ക്കുള്ള ഒരു നിമിത്തമായി കരുതാമെങ്കിലും, തെറ്റ് അവരുടെ ഭാഗത്തു മാത്രമായിരുന്നെങ്കില്‍ സമദര്‍ശിയും സ്ഥിതപ്രജ്ഞനുമായ ശ്രീ ചട്ടമ്പിസ്വാമികള്‍ ക്രിസ്തുമതത്തേയും, അവരുടെ മതഗ്രന്ഥത്തെയും ഒരിക്കലും ഖണ്ഡിക്കുകയില്ലായിരുന്നു. അവരുടെ തെറ്റ് അവരെ ബോധ്യപ്പെടുത്തുവാന്‍ മാത്രം അദ്ദേഹം ശ്രമിച്ചേനേ. ഇതിനാവശ്യമായ പ്രമാണങ്ങളും അവരുടെ മതഗ്രന്ഥത്തില്‍ നിന്നുതന്നെ ഉദ്ധരിക്കുകയും ചെയ്തേനേ. എന്നാല്‍ അദ്ദേഹം നേരെമറിച്ച് ക്രിസ്തുമതത്തെ സമൂലം ഖണ്ഡിച്ചതുകൊണ്ട് ക്രിസ്തുമതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശരിയായ അഭിപ്രായം തന്നെയാണ് സ്വാമികള്‍ ഈ ഗ്രന്ഥത്തിലൂടെ വെളിപ്പെടൂത്തിയത് എന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളൂ.

ക്രിസ്തുമതം വളര്‍ന്നതെങ്ങനെ എന്ന അവസാന അദ്ധ്യായം വായിച്ചുകഴിഞ്ഞാല്‍ ക്രിസ്തുമതസിദ്ധാന്തങ്ങളെ മാത്രമല്ല, മതത്തിന്റെ വളര്‍ച്ചയ്ക്കായി അവര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ചും സ്വാമികള്‍ക്കുണ്ടായിരുന്ന അഭിപ്രായം സുവ്യക്തമാകും. പിന്നീട് ഈ വിഷയത്തില്‍ ഒരു ചര്‍ച്ച വേണ്ടിവരികയില്ല എന്നു നിസ്സംശയം പറയാം.

പലപ്പോഴും, ഈ ഗ്രന്ഥം ആദ്യവസാനം മനസ്സിരുത്തി വായിക്കാത്തവരാണ് ഇതിന്റെ രചനയ്ക്കു പിന്നിലുള്ള സ്വാമികളുടെ ലക്ഷ്യത്തെക്കുറിച്ച് സ്വകപോലകല്പിതങ്ങളായ ആശയങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്.

1890ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ക്രിസ്തുമതനിരൂപണത്തിന്റെ ഒന്നാം പതിപ്പിന് ശ്രീ ചട്ടമ്പിസ്വാമികള്‍ എഴുതിയ മുഖവുര (പൂര്‍വ്വപീഠിക)

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥന്മാരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും അജ്ഞാനകുഠാരം, ത്രിമൂര്‍ത്തിലക്ഷണം, കുരുട്ടുവഴി, മുറുജന്മം, സല്‍ഗുരുലാഭം, സത്യജ്ഞാനോദയം, സമയപരീക്ഷ, ശാസ്ത്രം, പുല്ലേലി കുംചു മുതലായ ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധംചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍ ചാന്നാര്‍ പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരുന്നത് അല്പവും ഉചിതമല്ലെന്നു മാത്രമല്ല, ഈ ഉദാസീനതയില്‍വെച്ച് ഹിന്ദുക്കളില്‍ ഇതുവരെ അഞ്ചിലൊരു ഭാഗത്തോളം ജനങ്ങള്‍ ഈ അപകടത്തില്‍പെട്ടുപോകുന്നതിനും, മേലും ഈ കഷ്ടത പ്രചാരപ്പെടുത്തുന്നതിനും അതുനിമിത്തം നമുക്കും നമ്മുടെ സന്തതികള്‍ക്കും ഐഹികാമുത്രികങ്ങളായ അനേകഫലങ്ങള്‍ക്ക് തടസ്ഥം സംഭവിക്കുന്നതിനും സംഗതിയായി തീര്‍ന്നിരിക്കുന്നു.

ഈ സ്ഥിതിക്ക് നമ്മുടെ ഹിന്ദുക്കളിലുള്ള പണ്ഡിതന്മാര്‍ എല്ലാപേരും സ്വകാര്യത്തില്‍ത്തന്നെ വ്യഗ്രിച്ച് കാലക്ഷേപം ചെയ്യാതെ അനിര്‍വ്വാച്യമഹിമയുടെ അത്യന്തപുണ്യത്തിന്റെയും ശൃംഗാടകമായിരിക്കുന്ന ഈ പരോപകാരത്തില്‍ക്കുടി സ്വല്പം ദൃഷ്ടിവച്ചിരുന്നെങ്കില്‍ ഈ ജനോപദ്രവം എത്രയോ എളുപ്പത്തില്‍ ദൂരീഭവിക്കുന്നതിനും അതുനിമിത്തം അനേകജീവന്മാര്‍ ഈലോകപരലോകങ്ങളില്‍ സുഖീഭവിക്കുന്നതിനും സംഗതിയാകുമെന്നുള്ളത് ഞാന്‍ പറയണമെന്നില്ലല്ലോ. ഭോ! ഭോ! മഹാന്മാരെ, ഇതിനേക്കാള്‍ മഹത്തരമായി വേറെ യാതൊരു പുണ്യവുമില്ലെന്നാണ് എന്റെ ഉത്തമവിശ്വാസം. എന്തെന്നാല്‍ വ്രതം, ദാനം, ജപം, യജനം അദ്ധ്യയനം മുതലായ പുണ്യങ്ങള്‍ താന്താങ്ങളുടെ സുഖത്തിനുമാത്രമെന്നല്ലാതെ അന്യന്മാര്‍ക്ക് അത്രതന്നെ ഫലപ്രദമാണെന്ന് വിചാരിക്കുന്നുണ്ടോ? “അങ്ങനെയല്ലാ” ഈ പുണ്യം തനിക്കും തന്റെ സന്താനങ്ങള്‍ക്കും അന്യന്മാര്‍ക്കും വിശിഷ്യാ ക്രിസ്തുമതക്കൊടുംകുഴിയില്‍പ്പെട്ട് കഷ്ടപ്പെടുന്ന പെരുമ്പാപികള്‍ക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേഷിച്ച് മലയാളികളായ ഹിന്ദുക്കള്‍ ഈ സംഗതിയെ അശേഷം ആലോചിക്കാതെ, അവരുടെ പാട് അവര്‍ക്ക്, നമ്മുടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ?

ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങള്‍ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്തിക്കു തക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാന്‍ തുനിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അശേഷം ധനപുഷ്ടിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ എന്ന സജ്ജനവചനത്തേയും അനുസരിച്ച് ഈ കാര്യത്തില്‍ എന്നാല്‍ കഴിയുന്നതും ഉത്സാഹിപ്പാന്‍ തയ്യാറായതാണ്. ആ ഉത്സാഹത്തിന്റെ പൂര്‍വ്വപീഠികയായിട്ടാണ് ഞാന്‍ ക്രിസ്തുമതച്ഛേദനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധംചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തില്‍ യുക്തിന്യായങ്ങള്‍ക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കില്‍ അതിനെ പരിഷ്കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയില്‍ സമര്‍പ്പിച്ചുകൊള്ളുന്നു.

– ഷണ്‍മുഖദാസന്‍ (ശ്രീ ചട്ടമ്പിസ്വാമികള്‍)

ക്രിസ്തുമതനിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്
ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

7 Responses to “ക്രിസ്തുമതനിരൂപണം – ശ്രീ ചട്ടമ്പിസ്വാമികള്‍ Kristumata Nirupanam by Sri Chattampi Swamikal”

  1. bharateeya says:

    കൃതജ്ഞതയും സമര്‍പ്പണവും

    ശ്രീ ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന ഒമ്പതാമത്തെ ഇ-ബുക്കായ ക്രിസ്തുമതനിരൂപണം ഡിജിറ്റൈസ് ചെയ്യുന്നതില്‍ എന്റെ കൂടെ മുഖ്യപങ്ക് വഹിച്ചത് ഞങ്ങളുടെ ടീമംഗമായ രാമുവാണ് എന്ന് നന്ദിപൂര്‍വ്വം അറിയിക്കട്ടെ. ക്രിസ്തുമതനിരൂപണം ഇ-ബുക്ക് എല്ലാ വായനക്കാര്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

  2. RAVINDRA KURUP says:

    THIS NEEDS TO BE PUBLISHED WORLDWIDE

    RAVI

    • Mahesh says:

      Yes, this is excellent information we need to spread this as much as we can, and teach the new generation these valuable things from the Scholors we missed.

      • Mukundan says:

        As Mr. Ravindra Kurup said, this needs to be translated in English and published world wide. A collective effort should be made to translate it into local Indian languages, thereafter. Most of the Sanathanis started feeling inferiority after listening to the repeated preaching of Semitic religious preachers and whereas knows nothing about Sanathana Dharma.

        • bharateeya says:

          Mukundan,

          Kristumata Chedanam is already translated into English and is available on the net in several places like archive.org, hinduebooks.blogspot.in, scribd, etc.

          • jeeva says:

            can we spread it through face book and other social media? please create a page regarding this as soon as possible.

  3. Varun VP says:

    Pranamam…
    Now the evangelists are concentrated in the local villages all over India. So I observe, the content of this text should be distributed all among the people of rural India, in all Indian languages.

Leave a Reply