Feed on
Posts
Comments

ആത്മവത് സര്‍വഭൂതേഷു എന്ന ആപ്തവാക്യത്തിന് അനുരൂപമായി സമസ്തജീവജാലങ്ങളോടും സമഭാവന പുലര്‍ത്തിയിരുന്ന മഹാത്മാവായിരുന്നു ശ്രീമത് ചട്ടമ്പിസ്വാമികള്‍. ജീവകാരുണ്യനിരൂപണം എന്ന കൃതിയിലൂടെ നാമെല്ലാവരും സഹജീവികളോട് കാരുണ്യം കാണിക്കേണ്ടതിന്റെയും മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെയും ആവശ്യകതയെ താത്വികമായി വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

മാംസഭക്ഷണത്തെ അനുകൂലിക്കുന്നവര്‍ സാധാരണയായി പറയാറുള്ള ചില വാദങ്ങള്‍ പ്രതിപാദിച്ചുകൊണ്ടാണ് ഈ കൃതി ആരംഭിക്കുന്നതുതന്നെ. അവയില്‍ ചിലതു താഴെ ചേര്‍ക്കുന്നു.

1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ്.
2. ഹിംസ കൂടാതെ മനുഷ്യന് ജീവിച്ചിരിക്കുവാനാവില്ല. എന്തെന്നാല്‍ നാം ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ അസംഖ്യം ജീവാണുക്കളുണ്ട്. അവയെ കൊല്ലാതെ അതൊന്നും ഭക്ഷിക്കാനോ, ജീവന്‍ നിലനിര്‍ത്തുവാനോ സാധിക്കില്ല.
3. സസ്യങ്ങള്‍ക്കും ജീവനുണ്ട്. അതുകൊണ്ട് സസ്യഭക്ഷണവും ഹിംസതന്നെയാണ്.
4. നല്ല ആരോഗ്യമുള്ള ശരീരത്തിന് മാംസഭക്ഷണം ആവശ്യമാണ്.

മേല്‍പറഞ്ഞ എല്ലാ വാദങ്ങള്‍ക്കും തക്കതായ മറുപടി ചട്ടമ്പിസ്വാമികള്‍ നല്കുന്നുണ്ട്. അത് സംക്ഷിപ്തമായി ക്രമാനുസാരം താഴെ ചേര്‍ക്കുന്നു.

1. ദൈവം മൃഗാദികളെ സൃഷ്ടിച്ചിരിക്കുന്നത് മനുഷ്യന് ഭക്ഷണത്തിനു വേണ്ടിയാണ് എന്ന വാദത്തിനുള്ള മറുപടിയില്‍ സിംഹം തുടങ്ങിയ ഹിംസ്രജന്തുക്കളുടെ ഉദരപൂരണത്തിനായിട്ടാണോ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്ന മറുചോദ്യവും അദ്ദേഹം ചോദിക്കുന്നുണ്ട്. അതുകൂടാതെ പാശ്ചാത്യരായ ശരീരശാസ്ത്രപണ്ഡിതന്മാരെ ഉദ്ധരിച്ചുകൊണ്ട് മനുഷ്യന്റെ പല്ലുകളുടെയും, ദഹനാവയവങ്ങളുടെയും ഘടന മാംസഭക്ഷണത്തിനു യോജിച്ചതല്ലെന്നു അദ്ദേഹം യുക്തിയും, ഉദാഹരണങ്ങളും നിരത്തി വിശദമാക്കുന്നു.

2. ഹിംസകൂടാതെ ഒരു ജീവിക്കും ശരീരം നിലനിര്‍ത്തുവാനാവില്ല എന്നതിന് അദ്ദേഹം നല്കുന്ന വിശദമായ മറുപടിയിലെ ഒരു പ്രസക്ത ഭാഗം ഇതാണ്, “തീരെ മാംസഭുക്കല്ലാത്തവനും ഒന്നിനെയും ഹിംസിക്കരുതെന്ന നിര്‍ബന്ധമായ കരുതലോടുകൂടി സൂക്ഷിച്ചു നടക്കുന്നവനുമായ ഒരുവന്‍ അറിയാതെ, ശ്വാസോച്ഛാസം മുതലായവയാല്‍ എത്രയോ ജീവികളുടെ നാശത്തിനു കാരണമാകുന്നു. (എന്നാല്‍) ഇത് കുട്ടികളെപോലെ വളര്‍ത്തിയും വിലക്കുവാങ്ങിയും കൊല്ലുന്നതുപോലെ പാപമാകുകയില്ലല്ലോ. അവ തന്നെ കൊല്ലുമെന്നോ അവയെ തനിക്കു കൊല്ലണമെന്നോ ഉള്ള കാരണങ്ങളോ മനപൂര്‍‌വ്വമോ ഇല്ല. ഒരുവന്‍ അറിയാതെ അവന്റെ പുറത്തൊരു മരം വീണു മൃതിപ്പെടുന്നതുപോലെ മാത്രമത്രേ ഇതും. ഈ ഹിംസയെ തടുക്കാന്‍ മാര്‍ഗ്ഗമില്ല”.

3. സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് ആധുനികശാസ്ത്രം അറിയുന്നതിന് എത്രയോ മുമ്പേതന്നെ നമ്മുടെ പൂര്‍വികര്‍ക്ക് ഇതറിയാമായിരുന്നു – “ചരാചരജീവന്മാര്‍” എന്ന പ്രയോഗം എത്രയോ നൂറ്റാണ്ടുകളായി ഭാരതത്തില്‍ ഉപയോഗത്തിലുണ്ട്. അചരങ്ങള്‍ക്കും ജീവനുണ്ട്. എന്നാല്‍ മൂന്നോ, നാലോ, അഞ്ചോ ജ്ഞാനേന്ദ്രിയങ്ങളുള്ള പക്ഷിമൃഗാദികളനുഭവിക്കുന്ന വേദനയോടു താരതമ്യം ചെയ്യുമ്പോള്‍ ഒരു ഇന്ദ്രിയം മാത്രമുള്ളവയും, നേര്‍ന്ന സംവേദനശക്തിയുള്ളവയുമായ സസ്യങ്ങളുടെ വേദന വളരെ തുച്ഛമാണ്. അതുകൊണ്ട് സസ്യഭക്ഷണം മൂലമുണ്ടാകുന്ന ഹിംസ താരതമ്യേന തുലോം തുച്ഛമാണ്.

4. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ പാശ്ചാത്യപണ്ഡിതന്മാരെ ഉദ്ധരിച്ചു കൊണ്ട് നല്ല ആരോഗ്യത്തിന് മാംസഭക്ഷണം അനിവാര്യമല്ലെന്ന് ചട്ടമ്പിസ്വാമികള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.

ലോകത്തിലെ എല്ലാ പ്രമുഖമതങ്ങളുടെയും (ഇസ്ലാം മതം ഒഴിച്ച്) സിദ്ധാന്തങ്ങള്‍ സസ്യാഹാരത്തെ എപ്രകാരം അനുശാസിക്കുന്നു എന്നും മാംസാഹാരത്തെ വിലക്കുന്നു എന്നും വിശദമായി പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഈ ലഘുഗ്രന്ഥത്തെ ഉപസംഹരിക്കുന്നു. ഇതില്‍ ക്രിസ്തുമതത്തെക്കുറിച്ചുള്ള ഭാഗം എല്ലാ വായനക്കാര്‍ക്കും പുതിയ അറിവുനല്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തന്നെ മറ്റാരും വേദനപ്പിക്കരുതെന്ന് ഓരോ ജീവിയും ആഗ്രഹിക്കുന്നു. ആ സ്ഥിതിക്ക് താനും മറ്റുള്ളവരെ കഴിയുന്നതും ഹിംസിക്കാതിരിക്കുക എന്നതു ന്യായം മാത്രമാണ്; പ്രായോഗികവും അതുതന്നെ. അതുകൊണ്ട് മനുഷ്യന്‍ മറ്റു ജീവികളോടെല്ലാം കാരുണ്യത്തോടെയും സമഭാവനയോടെയും പെരുമാറുക എന്നത് മനുഷ്യന്‍ അവരോട് ചെയ്യുന്ന ഒരു സൗജന്യമല്ല, നേരേ മറിച്ച് അവരുടെ അവകാശമാണ് എന്നാണ് സ്വാമികള്‍ വാദിക്കുന്നത്.

ഈ ചര്‍ച്ചയ്ക്കിടയില്‍ സ്വാമികള്‍ വര്‍ണ്ണിക്കുന്ന ഹിംസ ഒരു രൂപമെടുത്ത് ദേശസഞ്ചാരം നടത്തുന്ന കഥ ഏവരുടെയും കണ്ണുതുറപ്പിക്കുവാന്‍ പോരുന്നതാണ്.

ഈ കൃതിയില്‍ നിന്നുള്ള ചില പ്രസക്ത ഭാഗങ്ങള്‍
——————————————————————————————-
മൃഗചരിത്രാചാര്യന്മാര്‍ മാംസഭുക്കുകളായ സിംഹം കടുവ മുതലായ ജന്തുക്കളെ ദുഷ്ട മൃഗങ്ങളെന്നും സസ്യഭുക്കുകളായ പശു, ആട്, മാന്‍ മുതലായവയെ സാധുമൃഗങ്ങളെന്നും പറഞ്ഞുവരുന്നു. എന്നാല്‍ സിംഹങ്ങള്‍ക്ക് സ്വാഭാവികമായി മാംസമേ വേണ്ടൂ. നമുക്കോ മാംസാഹരം കഷ്ടപ്പെട്ട് പരിചയിക്കുന്നതും എളുപ്പത്തില്‍ ലഭിക്കാത്തതുമാണ്. നമ്മെപ്പോലെയാണ് അന്യജന്തുവിന് വേദനയെന്നുള്ള വിവേകവും മനുഷ്യനാണുള്ളത്. അതുകൊണ്ട് മൃഗങ്ങള്‍ അല്പവും കുറ്റവാളികളല്ല. ഈ മനുഷ്യനാണ് എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ദുഷ്ടദ്രോഹി. ന്യായസ്ഥനായ മൃഗത്തിന് ‘ദുഷ്ട’ എന്ന വിശേഷണം കൊടുത്ത സ്ഥിതിക്ക് മനുഷ്യന് ‘ദുഷ്ട ദുഷ്ട’ എന്ന വിശേഷണം കൊടുക്കണം. സിംഹാദികള്‍ വിശക്കുമ്പോള്‍ വളരെ കാത്തിരുന്നു എന്തിനെയെങ്കിലും കിട്ടിയാല്‍ ക്ഷണം കൊണ്ട് കാര്യം കഴിക്കും. മനുഷ്യനാകട്ടെ, മോഷ്ടിച്ചോ ബലാല്‍കാരമായോ വിലക്കുവാങ്ങിയോ മുന്‍‌കൂട്ടികൊണ്ടുവന്ന് പട്ടിണിയിട്ട്, വേലയെടുപ്പിച്ച് കഷ്ടപ്പെടുത്തി, ചിത്രവധം ചെയ്യുകയാണ്. ആ സ്ഥിതിക്ക് മനുഷ്യനെ വളരെ കൂടുതല്‍ ദുഷ്ടനെന്ന് പറയണം. മൃഗം മറ്റൊന്നിനെ ഉപദേശിച്ച് മാംസം തീറ്റാറില്ല. മനുഷ്യനോ ഇതു കഷ്ടമെന്നും വേണ്ടെന്നും കരുതി കൊല്ലാതിരിക്കുന്നവനോട് ദുര്‍ന്യായങ്ങള്‍ പറഞ്ഞ് കൊല്ലില്ലകൂടി ചെയ്യുന്നുണ്ട്. അതിനാല്‍ മനുഷ്യന് അസംഖ്യം ദുഷ്ടപ്പട്ടം കൊടുക്കണം.
—————————————————————————–
ജീവജാലങ്ങളുടെ ജ്ഞാനശക്തിയെ അറിഞ്ഞു അവയെ പുല്ല്, മരം, മുതലായ സ്പര്‍ശജ്ഞാനമുള്ള ജീവികള്‍, പവിഴപ്പുറ്റ്,കടല്‍‌പ്പുറ്റ്, കറയാല്‍, എറുമ്പ്, അണു, കൃമി, കടല്‍ച്ചൊറി മുതലായ സ്പര്‍ശരസങ്ങളോടു ഗന്ധത്തെ അറിയുന്ന മുന്നറിവുള്ള ജന്തുക്കള്‍; തുമ്പി, വണ്ട് മുതലായ സ്പര്‍ശരസഗന്ധങ്ങളോടു രൂപത്തെയും അറിയുന്ന നാലറിവുള്ള ജന്തുക്കള്‍, മനുഷ്യര്‍, മൃഗങ്ങള്‍ മുതലായ സ്പര്‍ശരസഗന്ധരുപങ്ങളോടു ശബ്ദത്തെയും അറിയുന്ന അഞ്ചറിവുള്ള ജീവികള്‍; ഇപ്രകാരം വകതിരിച്ചിരിക്കുന്നു. ഇവയില്‍ മനുഷ്യന് ഇഹലോകചിന്തയും പരലോകചിന്തയും കൂടി ഉണ്ട്. മൃഗാദികള്‍ക്ക് ഇഹലോക ചിന്തയേ ഉള്ളൂ. വൃക്ഷാദികള്‍ക്കും കുറഞ്ഞു കുറഞ്ഞ് സുഖദുഃഖാനുഭവം മന്ദിച്ചുപോയിരിക്കും. ജ്ഞാനസാധനങ്ങളുടെ ഭേദഗതി നിമിത്തം വൃക്ഷാദികള്‍ക്ക് തമോഗുണം കൊണ്ട് മായപ്പെട്ട് സുഖദുഃഖരൂപാമായി വികസിച്ചു തുടങ്ങത്തക്ക വിധത്തില്‍ ഉള്ളില്‍ അടങ്ങിയിരിക്കയാണ്.

—————————————————————————

അഞ്ചിന്ദ്രീയജ്ഞാനവും ശരിയായ ജ്ഞാനസാധനവുമുള്ള മനുഷ്യനും പോലും സുഷുപ്ത്യവസ്ഥയില്‍ ശൂന്യസാമാന്യ വിശേഷങ്ങളെന്ന ഭാവനകള്‍ നമുക്കു അനുഭവമാകുന്നുണ്ട്. ഒന്നും അറിയാതെ ഉറങ്ങുന്ന ഒരുവനെ മറ്റൊരാള്‍ രണ്ടുമൂന്നു പ്രാവശ്യം വിളിക്കുന്നു. എന്നിട്ടും ഒന്നും അറിയുന്നില്ല, പിന്നെയും വിളിക്കുമ്പോള്‍ അര്‍ത്ഥകല്പന കൂടാതെ കേള്‍ക്കുന്നു. മൂന്നാമതും വിളിക്കുമ്പോള്‍ അര്‍ത്ഥകല്പനയോട്കൂടി കേട്ട് പ്രവര്‍ത്തിച്ചുതുടങ്ങുന്നു. ആദ്യം ശൂന്യമായിരുന്ന അവസ്ഥയും രണ്ടാമത് ശൂന്യതയില്‍ നിന്ന് വേര്‍തിരിഞ്ഞും അര്‍ത്ഥകല്പനയോട് കൂടാതെ ശബ്ദം നിമിത്തം സാമാന്യം ഒരുണര്‍‌വായിട്ട് പിരിഞ്ഞ അവസ്ഥയും മൂന്നാമത് അര്‍ത്ഥകല്പനയോട് അഭിമുഖപ്പെട്ടുകൊണ്ട് തെളിഞ്ഞ അവസ്ഥയും – ഇങ്ങനെ മൂന്നുവിധം കാണുന്നതില്‍ ശൂന്യത്തിന്റെ അവസാനവും സാമാന്യത്തിന്റെ ഒരല്പം അംശവും കൂടിയ ഒരു നിലയെത്തന്നെ ഇവിടെ വൃക്ഷാദികള്‍ക്ക് കല്പിക്കണം.

ജീവകാരുണ്യ നിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 1

ജീവകാരുണ്യ നിരൂപണം ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക് 2

ശ്രീചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണ്ണകൃതികള്‍ ഇ-ബുക്ക് – ഡൗണ്‍ലോഡ് ലിങ്ക്

5 Responses to “ജീവകാരുണ്യ നിരൂപണം – ശ്രീ ചട്ടമ്പിസ്വാമികള്‍ Jivakarunya Nirupanam – Sri Chattampi Swamikal”

  1. bharateeya says:

    കൃതജ്ഞതയും സമര്‍പ്പണവും

    ചട്ടമ്പിസ്വാമികളുടെ സമ്പൂ‍ര്‍ണ്ണകൃതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പ്രോജക്ടിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന രണ്ടാമത്തെ ഇ-ബുക്കായ ജീവകാരുണ്യ നിരൂപണം ഞങ്ങളുടെ ടീമംഗമായ ഹൃഷിയാണ് ഡിജിറ്റൈസ് ചെയ്തത് എന്ന് കൃതജ്ഞതാപൂര്‍വ്വം അറിയിക്കട്ടെ. ജീവദയയുടെ മൂര്‍ത്തിമദ്ഭാവമായിരുന്ന ശ്രീമത് ചട്ടമ്പിസ്വാമികളുടെ ഈ ലഘുകൃതി എല്ലാ വായനക്കാര്‍ക്കുമായി സമര്‍പ്പിക്കുന്നു.

  2. Prakash VK says:

    Hearty congratulations and thanks for venturing such great task. this is is need of the hour.

  3. ARJUN V says:

    nice, it is very good site

  4. Sandhya says:

    Good work.. please upload more books.. thanks.

Leave a Reply